ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം. പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസിൽ ഉടൻ യോഗം ചേരും.
അതേസമയം ഒളിവിൽ തുടരുന്ന ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണം. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയ വിവാദങ്ങളും കത്തിനിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും.
പി.പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകൾ ഉള്ള പശ്ചാത്തലത്തിൽ, പാർട്ടി അവർക്കെതിരെ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിൽ ചർച്ചകൾ ഉണ്ടാകും. ഇത് നിർണായകമാകും.
Special investigation team preparing for the arrest of PP Divya; Divya may surrender today